മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനം. ആഗോളതലത്തില്‍ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്‌ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെന്‍സറിനറല്‍ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കൂടാതെ അമിതമായി ശബ്ദം കേള്‍ക്കുന്നത് ചെവിക്കുള്ളില്‍ വാക്‌സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളില്‍ വേദന, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം. ഇയര്‍ഫോണില്‍ 50 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കാം. കൂടാതെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ ഇടവേളയെടുക്കേണ്ടത് പ്രധാനമാണ്. 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.