സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തൃശൂർ പൂരം കലക്കലിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായെന്നും തിരുവഞ്ചൂർ പറയുന്നു. പൂരം കലക്കലിന് മുന്നിൽ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നുവെന്നും തിരൂവഞ്ചൂർ പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചക്ക് കടംകുള്ളി സുരേന്ദ്രൻ മറുപടി നൽകി. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കാൻ ആണ് പ്രതിപക്ഷം ഇറങ്ങിത്തിരിക്കുന്നത്. ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.