കൊച്ചി മെട്രോ പാത കലൂരില്‍നിന്നു കാക്കനാട്ടേക്കു ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. 11.2 കിലോമീറ്റര്‍ നീളമുള്ള പുതിയ മെട്രോ പാതയില്‍ 11 സ്റ്റേഷനുകളുണ്ടാകും. 1950 കോടി രൂപയാണ് പഴയ എസ്റ്റിമേറ്റ്. മുടങ്ങിക്കിടന്ന സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും.
മതത്തിന്റേയും ഭാഷയുടേയും പേരില്‍ ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇഡിയേയും സിബിഐയേയും ദുരുപയോഗിച്ചു വേട്ടയാടുന്നു. ദേശീയപതാകയേയും ഭരണഘടനാ സ്ഥാപനങ്ങളേയും ഭരണഘടനയെത്തന്നേയും ബിജെപി കാല്ക്കീഴിലാക്കി. തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വലിയ ദുരന്തത്തിലേക്കാണു രാജ്യത്തെ നയിക്കുന്നത്. കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്രക്കു തുടക്കം കുറിച്ചുകൊണ്ട് രാഹുല്‍ഗാന്ധി പ്രസംഗിച്ചു.
ഇന്നു തിരുവോണം. മലയാളികള്‍ക്ക് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉല്‍സവമാണ് ഓണം. പൂക്കളങ്ങളും പൂവിളികളും സദ്യവട്ടങ്ങളുമെല്ലാമായി ഒരുമയുടെ ഓണാഘോഷം. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ ഓണാശംസകള്‍.
രാജ്യത്തെ 14,000 സ്കൂളുകള്‍ നവീകരിക്കാന്‍ 27,360 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. കേന്ദ്രവിഹിതം 18,128 കോടി രൂപയാണ്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും അനുരാഗ് താക്കൂറും പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു കന്യാകുമാരിയില്‍ തുടക്കം. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, രാഹുല്‍ ഗാന്ധിക്കു പതാക കൈമാറി. രാവിലെ ശ്രീപെരുമ്പതൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നവോത്ഥാന യാത്രയാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയില്‍ വായിച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.
വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. കേരളം ഇതിനകം പുന പരിശോധനാ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.