ഡൊണാള്‍ഡ് ട്രംപ് തത്തുല്യ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍ക്ക് ഉണ്ടായത് 50,000 കോടി ഡോളറിലധികം നഷ്ടം. യുഎസ് ഓഹരി വിപണികളില്‍ 5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 302 ബില്യണ്‍ ഡോളറായി ഇലോണ്‍ മസ്‌കിന്റെ ആസ്തി കുറഞ്ഞു. 130 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് മസ്‌കിന് ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനാണ് രണ്ടാമത്തെ വലിയ നഷ്ടം. ആസ്തി 45.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 193 ബില്യണ്‍ ഡോളറിലെത്തി. ആല്‍ഫബെറ്റ് സഹസ്ഥാപകന്‍ ലാറി പേജിന് 34.6 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന് 28.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഓഹരി വിപണിയിലെ വന്‍ ഇടിവ് മൂലം മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിന്‍ഡാലും കുടുംബവും, ശിവ് നാടാര്‍ തുടങ്ങിയവരുടെ മൊത്തം ആസ്തിയില്‍ 1,030 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 87.7 ബില്യണ്‍ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 57.3 ബില്യണ്‍ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിന്‍ഡാലും കുടുംബവും ആസ്തിയില്‍ 2.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു, അവരുടെ ആസ്തി 33.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 30.9 ബില്യണ്‍ ഡോളറായി.