അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര് ഒന്നിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഗേറ്റ് എന്നാണ് പ്രോജക്ടിന് പേര് നല്‍കിയിരിക്കുന്നത്. ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ സ്ഥാപകന്‍ സാം ആള്ട്ട്മാന്, ഒറാക്കിള്‍ ചെയര്മാന് ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയില്‍ പങ്കാളിത്തം സാധ്യമാകുന്നതിനെക്കുറിച്ച് എന്‍വിഡിയയും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ആയിരിക്കുമെന്നും കുറഞ്ഞത് 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നും ഈ പദ്ധതി അമേരിക്കയില്‍ 1,00,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അതേസമയം ട്രംപിന്റെ അടുത്ത അനുയായിയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്ക് ഈ മെഗാ പ്രോജക്ടിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. 2015 ല്‍ ഓപ്പണ്‍എഐ ആരംഭിച്ചപ്പോള്‍ ഇലോണ്‍ മസ്ക് അതിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു. ലാഭേച്ഛയില്ലാത്ത ഒരു സംഘടനയായതിനാല്‍, ധനസഹായം ആവശ്യമായി വന്നപ്പോള്‍, ഇലോണ്‍ മസ്ക് പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ 2018 ല്‍ മസ്ക് ഓപ്പണ്‍എഐ വിട്ടു.