തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ ‘ഹരിഹര വീര മല്ലു പാര്‍ട്ട് 1’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ എം രത്‌നം അവതരിപ്പിക്കുകയും എ ദയാകര്‍ റാവു നിര്‍മ്മിക്കുകയും ചെയ്ത ഈ ചിത്രം ജൂലൈ 24 ന് തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റില്‍ നിന്ന് സനാതന ധര്‍മ്മത്തെ സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവന്‍ കല്യാണിനെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ട്രെയ്‌ലറില്‍ അവതരിപ്പിക്കുന്നു. മുഗള്‍ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവന്‍ കല്യാണ്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഔറംഗസേബിന്റെ വേഷത്തില്‍ ബോബി ഡിയോള്‍ അഭിനയിച്ചിരിക്കുന്നു. കോഹിനൂര്‍ രത്‌നത്തിനായുള്ള പോരാട്ടം തുടരവേ വീര മല്ലു മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുന്നത്.