മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് ‘കിരീടം’. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന മാജിക്. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളികളുടെ മനസില്‍ പ്രദര്‍ശനം തുടരുകയാണ്. സേതു മാധവനും അയാളുടെ ആത്മസംഘര്‍ഷങ്ങളും വേദനയുമെല്ലാം മലയാളി സ്വന്തം നെഞ്ചിലാണ് പേറുന്നത്. ഇപ്പോഴിതാ, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്. ഡോള്‍ബി അറ്റ്മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ട്രെയിലര്‍ പുറത്തു വിട്ടു. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
