ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ 10 ഡെസിബെല്‍ വര്‍ധനയും ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത 3.2 ശതമാനം വച്ച് കൂട്ടുമെന്ന് ഗവേഷകര്‍ കണ്ടെത്തി. രാത്രി കാലങ്ങളിലെ ഈ ട്രാഫിക് ശബ്ദം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യുന്നത് രക്തധമനികളിലെ സമ്മര്‍ധ ഹോര്‍മോണുകളുടെ തോത് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും വര്‍ധിക്കാനിടയാക്കും. റോഡ്, റെയില്‍,വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശബ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തിരക്കുള്ള റോഡുകളില്‍ ശബ്ദ ബാരിയറുകള്‍ വയ്ക്കുന്നത് 10 ഡെസിബെല്‍ വരെ ശബ്ദതോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആസ്ഫാള്‍ട്ട് ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നത് മൂന്ന് മുതല്‍ ആറ് ഡെസിബെല്‍ വരെ ശബ്ദം കുറയ്ക്കും. ഡ്രൈവിങ് സ്പീഡ് കുറയ്ക്കുന്നതും കുറഞ്ഞ ശബ്ദമുണ്ടാക്കുന്ന ടയറുകള്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. പൊതുഗതാഗത സംവിധാനം കൂടുതല്‍ ഉപയോഗിക്കാനും ചെറിയ ദൂരങ്ങള്‍ക്ക് സൈക്കിള്‍ പോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് മാറാനും പഠനം ശുപാര്‍ശ ചെയ്യുന്നു. ബ്രേക്ക് അപ്ഡ്രേഡുകള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികള്‍ ഇടയ്ക്കിടെ ചെയ്യുന്നത് ട്രെയിന്‍ ഓടുമ്പോഴുള്ള ശബ്ദമലിനീകരണം കുറയ്ക്കും. ജിപിഎസ് ഉപയോഗിച്ച് വ്യോമപാതകള്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് മാറ്റി ക്രമീകരിക്കുന്നതും രാത്രി കാലങ്ങളിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങും പരമാവധി കുറയ്ക്കുന്നതും വ്യോമഗതാഗതത്തിന്റെ ശബ്ദ മലീനകരണം കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan