2023ല്‍ 1.12 കോടി വാഹനങ്ങളാണ് ടൊയോട്ട രാജ്യാന്തരതലത്തില്‍ വിറ്റഴിച്ചത്. ടൊയോട്ടയും ലെക്സസും ചേര്‍ന്ന് 1.03 കോടി വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ബാറ്ററി വൈദ്യുത വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട 2023ല്‍ 1,04,018 എണ്ണം വിറ്റു. ഇവികളുടെ കാര്യത്തില്‍ ടൊയോട്ട നേടിയത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 325 ശതമാനത്തിന്റെ വില്‍പന വളര്‍ച്ച. 2022ല്‍ ആകെ 24,000 ഇവികള്‍ മാത്രമാണ് ടൊയോട്ട വിറ്റിരുന്നത്. 1.12 കോടി വാഹനങ്ങള്‍ വിറ്റ 2022ല്‍ ഇവി വിഹിതം 0.93 ശതമാനം മാത്രമായിരുന്നു. ഇവിയേക്കാള്‍ ടൊയോട്ടക്ക് പ്രിയം ഹൈബ്രിഡ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം 34 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളും 26,859 മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളും ടൊയോട്ട വിറ്റു. ഹൈബ്രിഡില്‍ 31 ശതമാനവും മൈല്‍ഡ് ഹൈബ്രിഡില്‍ 494 ശതമാനവുമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വില്‍പന വളര്‍ച്ച. അതേസമയം 2022നെ അപേക്ഷിച്ച് ഹൈഡ്രജന്‍ വാഹനങ്ങളുടെ വില്‍പന 0.1ശതമാനം കുറഞ്ഞ് 3,921ലെത്തി. ബാറ്ററി, ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട കഴിഞ്ഞ വര്‍ഷം 37 ലക്ഷം വാഹനങ്ങള്‍ വിറ്റു. ആകെ വില്‍പനയുടെ മൂന്നിലൊന്നു വരും ഇത്. ടൊയോട്ടയുടെ പ്രധാന എതിരാളിയായ ഫോക്സ്വാഗണ്‍ കഴിഞ്ഞ വര്‍ഷം 3.94 ലക്ഷം ഇവികള്‍ വിറ്റിരുന്നു. എത്രയൊക്കെ കുതിപ്പുണ്ടായാലും വൈദ്യുത കാറുകള്‍ ആകെ കാര്‍ വിപണിയുടെ 30 ശതമാനത്തിലേറെ വരില്ലെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍.