ഇന്ന് ലോക പുകയില വിരുദ്ധ ദിനം, ആഗോളതലത്തില്‍ ഏതാണ്ട് 80 ലക്ഷത്തോളം ആളുകളുടെ ജീവനാണ് പുകയില ഓരോ വര്‍ഷവും കവരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് നേരിട്ട് പുകയില ഉപയോഗത്തിന്റെ ഫലമായാണ് അതേസമയം, 13 ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെയുമാണ്. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല. പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകര്‍ക്കും. ‘പുകയില വ്യവസായ ഇടപെടലുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കുക’ എന്നതാണ് ഇത്തവണത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം. ഒരു സിഗരറ്റിന് പോലും കുട്ടികളുടെ തലച്ചോറിനെ നിക്കോട്ടിന്‍ ആസക്തിയിലേക്ക് നയിക്കാമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. അതേസമയം ഇപ്പോള്‍ വിപണിയില്‍ സുലഭമായ ചൂയിങ് ഗം രൂപത്തിലുള്ള പുകയില സിഗരറ്റിനെക്കാള്‍ നാല് മടങ്ങ് നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത് കുട്ടികളെ കൂടുതല്‍ പുകയിലയോട് ആസക്തിയുള്ളവരാക്കാം. പുകയില മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് ചെറു പ്രായത്തിലെ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.