പോഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാന്‍ കാരണമാകുന്നു. ചില വിറ്റാമിനുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ക്ഷീണം, ശരീര താപനില നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കുക, നാവിന്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍. ശരീരത്തിലെ കാല്‍സ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിര്‍ത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാല്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎന്‍എ നിര്‍മാണത്തിനും നാഡികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. വിളര്‍ച്ച, ക്ഷീണം, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍ എന്നിവയാണ് വിറ്റാമിന്‍ ബി 12 ന്റെ കുറവിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ശരീരത്തിനേറെ ആവശ്യമായ വിറ്റാമിനാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ചീര, ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ട ഫോളിക് ആസിഡിന്റെ മികച്ച സ്രോതസാണ്. ബീറ്റ്റൂട്ടിലും തക്കാളിയിലും ധാരാളം ഫോളേറ്റുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളും ഫോളിക് ആസിഡിന്റെ നല്ല സ്രോതസാണ്. എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവു കുറയുന്നത് പലതരത്തിലുള്ള രോഗങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവു കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാല്‍സീമിയ. കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാനസികവ്യക്തതയെയും കാല്‍സ്യത്തിന്റെ അഭാവം ബാധിക്കാം.