പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്സിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണ്. അതുകൊണ്ട് തന്നെ രാവിലെയോ വര്‍ക്ക്ഔട്ടിന് മുമ്പോ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ നട്സിന് ഗ്ലൈസെമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്തുന്നതിനും അപകടസാധ്യക കുറയ്ക്കുന്നതിനും എപ്പോള്‍ വേണമെങ്കിലും നട്സ് കഴിക്കാവുന്നതാണ്. അമിതമായ ആര്‍ത്തവം അനുഭവിക്കുന്നവര്‍ക്ക് രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പിഎംഎസ് ഉള്ളവര്‍ക്ക് മഗ്‌നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍, ബദാം അല്ലെങ്കില്‍ വാല്‍നട്ട് എന്നിവ അത്താഴ സമയത്തെ സൂപ്പുകളില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഉയര്‍ന്ന കാര്‍ബ് ഭക്ഷണത്തിന് മുന്‍പ് നട്സ് കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കില്‍ പിസിഒഎസ് ഉള്ളവരില്‍. ഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഫിഗ്സ് എന്നിവ പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ബദാം, വാല്‍നട്സ്, കശുവണ്ടി എന്നിവ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. ഇത് സ്റ്റാമിന വര്‍ധിപ്പിക്കും. ബദാം, വാല്‍നട്ടുകള്‍ ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഈന്തപ്പഴം, പിസ്ത എന്നിവ വര്‍ക്ക് ഔട്ടിന് തൊട്ടു മുന്‍പ് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. കശുവണ്ടി, ഉണക്കമുന്തിരി എന്നാവ ഉച്ചയ്ക്ക് ശേഷം പിന്നോട്ടടിക്കുന്ന മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, വാല്‍നട്സ് എന്നിവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ശരീരഭാരം ക്രമീകരിക്കാന്‍ സഹായിക്കും. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതിനാല്‍ നട്സ് രാവിലെയോ ഉച്ചകഴിഞ്ഞോ കഴിക്കാവുന്നതാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഡ്രൈ ഫ്രൂട്സ് ഒഴിവാക്കുക.