കൂടുതല്‍ സ്പോര്‍ട്ടിയായ ടിഗ്വാന്‍ ആര്‍-ലൈന്‍ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്സ്വാഗണ്‍. 49 ലക്ഷം രൂപ വിലയില്‍ ഒരൊറ്റ വേരിയന്റില്‍ എത്തുന്ന ടിഗ്വാന്‍ ആര്‍-ലൈനിന് സ്റ്റാന്‍ഡേഡ് ടിഗ്വാനെ അപേക്ഷിച്ച് രൂപത്തിലും സൗന്ദര്യത്തിലും മാറ്റങ്ങളുണ്ട്. ഏപ്രില്‍ 23 മുതല്‍ ഇന്ത്യയില്‍ ടിഗ്വാന്‍ ആര്‍ലൈനിന്റെ വിതരണം ഫോക്സ്വാഗണ്‍ ആരംഭിക്കും. ആറ് നിറങ്ങളില്‍ ടിഗ്വാന്‍ ആര്‍-ലൈന്‍ ലഭ്യമാണ്. പേഴ്സിമോണ്‍ റെഡ് മെറ്റാലിക്ക്, സിപ്രെസിനോ ഗ്രീന്‍ മെറ്റാലിക്, നൈറ്റ്ഷൈഡ് ബ്ലൂ മെറ്റാലിക്ക്, ഗ്രെനഡില്ല, ബ്ലാക്ക് മെറ്റാലിക്ക്, ഓറിക്സ് വൈറ്റ് മദര്‍ ഓഫ് പേള്‍ ഇഫക്ട്, ഒയിസ്റ്റര്‍ സില്‍വര്‍ മെറ്റാലിക് എന്നിവയാണ് നിറങ്ങള്‍. സുരക്ഷ ഉറപ്പിക്കാനായി ആറ് എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നു. ടിഗ്വാന്‍ ആര്‍ ലൈനില്‍ പെട്രോള്‍, ഡീസല്‍, മൈല്‍ഡ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളുണ്ടെങ്കിലും ഇന്ത്യയില്‍ പെട്രോള്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 201ബിഎച്ച്പി കരുത്തും 320എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എന്‍ജിന്‍ ഡിഎസ്ജി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4മോഷന്‍ ഓള്‍വീല്‍ ഡ്രൈവ് നാലു വീലുകളിലേക്കും ഒരേസമയം കരുത്ത് പകരും.