ടിയാഗോ ഇലക്ട്രിക്കിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ. പ്രാരംഭ വില കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകള്‍ക്കും 20,000 രൂപ വരെയാണ് ടാറ്റ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില. ആദ്യ ബുക്ക് ചെയ്യുന്ന 20,000 പേര്‍ക്കായിരുന്നു പ്രാരംഭ വില കുറവ് ടാറ്റ പ്രഖ്യാപിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ മാസത്തില്‍ തന്നെ 20,000 പിന്നിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 19.2 കിലോവാട്ട്അവര്‍, 24 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി.