Untitled design 20250506 185039 0000

 

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂർ പൂരം ……!!!!

 

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. അതോടൊപ്പം കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം .

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

 

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല.

 

പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ തൃശൂർ പൂരം ആരംഭിച്ചു.പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്.

ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും. പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു.

കണിമംഗലം ധർമ്മശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.

 

ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.

 

ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.

 

പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *