ബോളിവുഡിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കഴിഞ്ഞയിടെ പുറത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ ചിത്രം ‘അനിമല്‍’. ചിത്രത്തില്‍ ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു തൃപ്തി ഡിമ്രിയുടേത്. സിനിമ വിജയമായതോടെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. റേഞ്ച് റോവര്‍ സ്പോര്‍ട് ആണ് താരത്തിന്റെ പുതുവാഹനം. സാറ്റിന്‍ ബ്ലാക്ക് നിറമാണ് വാഹനത്തിനായി നടി തെരഞ്ഞെടുത്തിരിക്കുന്നത്. റേഞ്ച് റോവറിന്റെ യൂസ്ഡ് മോഡലാണിത്. റെനോ ഡസ്റ്ററായിരുന്നു തൃപ്തി ഡിമ്രിയുടെ മുന്‍വാഹനം. 2018 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നാല് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. 3 .0 ലീറ്ററാണ് എന്‍ട്രി ലെവല്‍ ഡീസല്‍ എന്‍ജിന്‍, 255 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ടോപ് എന്‍ഡ് ഡീസല്‍ 4.4 ലീറ്റര്‍ എന്‍ജിനാണ്. ഈ വി 8 യൂണിറ്റ് 335 ബി എച്ച് പി യൂണിറ്റ് കരുത്തിലും 740 എന്‍ എം ടോര്‍ക്കിലുമാണ് പുറത്തിറങ്ങുന്നത്. പെട്രോള്‍ റേഞ്ചിലേക്ക് വരുമ്പോള്‍ 3.0 ലീറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി 6 എന്‍ജിന്‍ 335 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ഹൈ പെര്‍ഫോമന്‍സ് കാഴ്ച വെയ്ക്കുന്ന ടോപ് എന്‍ഡ് വേരിയന്റ് 5.0 ലീറ്റര്‍ എന്‍ജിനാണ്. ഈ സൂപ്പര്‍ച്ചാര്‍ജ്ഡ് വി 8 എന്‍ജിന്‍ 518 ബി എച്ച് പി കരുത്തും 625 എന്‍ എം ടോര്‍ക്കുമുണ്ട്. എല്ലാ എന്‍ജിനുകള്‍ക്കും 8 സ്പീഡ് ഗീയര്‍ ബോക്‌സുകളാണ്. കൂടാതെ, ഫോര്‍ വീല്‍ ഡ്രൈവ്, 7 ഡ്രൈവിങ് മോഡുകള്‍ എന്നിവയുമുണ്ട്.