സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി എട്ടിന് തൃശൂര്‍ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണികണ്ന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. രണ്ടു ദിവസമായി മോഹന്‍ ഭാഗവത് തൃശൂരിലുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുറന്ന പോരു നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി കിട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. സില്‍വര്‍ലൈന്‍ പാത മംഗളൂരുവരെ നീട്ടാനാണു മുഖ്യചര്‍ച്ച. തലശേരി- മൈസൂരു- നിലമ്പൂര്‍ നഞ്ചന്‍കോട് പാതകളും ചര്‍ച്ചയാകും. രാവിലെ ഒമ്പതരയ്ക്ക് ബെംഗളൂരുവിലാണ് കൂടിക്കാഴ്ച. ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും റാലിയിലും പിണറായി വിജയന്‍ പ്രസംഗിക്കും.
പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച തുറക്കില്ല. ആവശ്യത്തിനു പെട്രോളിയം ഉല്‍പന്നങ്ങള്‍ തരാത്തതില്‍ പ്രതിഷേധിച്ച് പമ്പുടകള്‍ പണിമുടക്കും. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രതിദിനം നാനൂറ്റിയമ്പത് ലോഡുകള്‍ വേണം. എന്നാല്‍ 250 ലോഡു മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം മൂന്നിലൊന്നു പമ്പുകള്‍ ഭാഗികമായി അടച്ചിടേണ്ടിവരികയാണെന്ന് ഡിലേഴ്സ് അസോസിയേഷന്‍.
വിഴിഞ്ഞം തുറമുഖത്തേക്ക് കെസിബിസി ആഹ്വാനം ചെയ്ത ബഹുജന മാര്‍ച്ച് ഇന്ന്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പന ജില്ലാ കളക്ടര്‍ നിരോധിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും നടക്കുന്നുണ്ട്. ഇതു ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലെ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീന്‍ അറസ്റ്റിലായി. കേസിലെ 38 മത്തെ പ്രതിയാണ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നിരവധി കൊലപാതകങ്ങളും കൈവെട്ടും അടക്കമുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കു ഒളിത്താവളം നല്‍കിയത് ഇയാളാണത്രേ. മലപ്പുറത്തെ 12 ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍നിന്ന് കണ്ടെടുത്തു. കേസില്‍ 11 പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.