ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തി ജി 20 പ്രഖ്യാപനം. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെയാണ് ഇന്ത്യയുടെ വാക്കുകൾ പ്രാധാന്യത്തിലെടുത്ത് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ – യുക്രൈൻ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ആവർത്തിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണ് . ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുമ്പോൾ സമാധാനത്തിന്‍റെ ശക്തമായ സന്ദേശം നൽകാൻ കഴിയണമെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് തുടങ്ങിയവരുമായി ജി20 ഉച്ചകോടിക്കിടെ മോദി ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ ഋഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ഡിസംബർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.