ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. പാന്ക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. ഇവ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ച് പാന്‍ക്രിയാസിനെ സംരക്ഷിക്കുന്നു എന്ന് നോക്കാം. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉല്പാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. പ്രകൃതിദത്ത ആന്റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്റെ ഗുണം അധികരിക്കുന്നു. പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. പനികൂര്‍ക്ക, അയമോദകം തുടങ്ങിയവയും പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.