വാര്‍ധക്യത്തിന്റെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ നമ്മുടെ ഭക്ഷണക്രമവും ചില ശീലങ്ങളും വഴി കഴിയും. കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും. പ്രായമാകുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുന്നതിനെ തടയാന്‍ ഇത്തരം കാല്‍സ്യം ഭക്ഷണങ്ങള്‍ ആവശ്യമാണ്. എണ്ണ ഭക്ഷണത്തിലും മാംസത്തിലും ചില പാലുല്‍പന്നങ്ങളിലുമുള്ള സാച്ചുറേറ്റഡ് കൊഴുപ്പ് വാര്‍ധക്യത്തില്‍ കുറയ്‌ക്കേണ്ടതാണ്. പകരം അവോക്കാഡോ, മീന്‍, സസ്യ എണ്ണകള്‍ എന്നിവ പോലെ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിങ്ങനെ നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയും ഇതുവഴി ലഭിക്കും. പ്രായമാകുമ്പോള്‍ ഭാരം കുറയാനും പേശികള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം ലഘൂകരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. മീന്‍, മുട്ടയുടെ വെള്ള, ബീന്‍സ് എന്നിങ്ങനെ ലീന്‍ പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ശരീരത്തിന് സംഭവിക്കുന്ന നിര്‍ജലീകരണം പ്രായമാവരില്‍ മലബന്ധം, വൃക്കയില്‍ കല്ലുകള്‍, ശരീരം അമിതമായി ചൂടാകല്‍, മൂഡ് മാറ്റം, അവ്യക്തമായ ചിന്ത എന്നിവയിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ഇതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കൊഴുപ്പില്ലാത്തതോ കുറഞ്ഞതോ ആയ പാല്‍, മധുരം ചേര്‍ക്കാത്ത സമ്പുഷ്ടീകരിച്ച പാല്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ് എന്നിവയെല്ലാം പ്രതിദിന കാലറി ആവശ്യകതയ്ക്കുള്ളിലാകുന്ന തരത്തില്‍ കഴിക്കാം. ഓരോ വ്യക്തിയുടെയും ആരോഗ്യ സാഹചര്യവും രോഗാവസ്ഥകളും വ്യത്യസ്തമായതിനാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.