സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്. കാനറാ ബാങ്കാണ് മിനിമം ബാലന്‍സ് നിബന്ധന ആദ്യം ഒഴിവാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലായ് ഒന്നുമുതല്‍ ഇത് നടപ്പാക്കിയതായി അറിയിച്ചു. പിന്നാലെ ഇന്ത്യന്‍ ബാങ്കും തീരുമാനവുമായി രംഗത്തെത്തി. ജൂലായ് ഏഴുമുതലാണ് ഇന്ത്യന്‍ ബാങ്ക് ഇത് നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മുതല്‍ സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന പിന്‍വലിച്ചിരുന്നു. എസ്ബിഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാമായി വര്‍ഷം ശരാശരി 1,700 കോടി രൂപയ്ക്കടുത്താണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ വരുമാനമായി ലഭിച്ചിരുന്നത്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ചുവര്‍ഷ ക്കാലയളവില്‍ ആകെ 8,495 കോടിരൂപയായിരുന്നു ഇത്തരത്തില്‍ പിഴയായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത്.