ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാല്‍ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകള്‍ കൂട്ടും. നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) സോഡിയത്തിന്റെ അളവു കൂടുതലാണ്. വര്‍ധിച്ചു വരുന്ന ഉപ്പിന്റെ ഉപഭോഗം പ്രതിവര്‍ഷം 19 ലക്ഷത്തോളം ആളുകളുടെ ജീവനാണെടുക്കുന്നതെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം പ്രതിദിനം 2000 മില്ലിഗ്രാം വരെ മാത്രം ഉപ്പ് ഉപയോഗിക്കാമെന്നാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ഉപ്പ് കഴിക്കുന്നവരാണ് അധികവും. ഉപ്പ് അധികമായി കഴിക്കുന്നതിലൂടെ സോഡിയം ഉള്ളില്‍ ചെല്ലുകയും ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുറഞ്ഞ സോഡിയം ഉപ്പ് അഥവാ പൊട്ടാസ്യം ഉപ്പ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ശരീരത്തിന് ദിവസേന 3.5 ഗ്രാം പൊട്ടാസ്യം കിട്ടുന്നത് രക്തസമ്മര്‍ദവും ഹൃദ്രോഗവും കുറയ്ക്കാന്‍ നല്ലതാണ്. 100 ശതമാനം സോഡിയം ക്ലോറൈഡ് ഉപ്പാണ് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത്. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് പൊട്ടാസ്യം ഉപ്പ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യം ഉപ്പ് തെരഞ്ഞെടുക്കുന്നതിലൂടെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുകയും പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.