കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന ചാന്‍സ്‌ലറുടെ 15 നോമിനികളുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതേസമയം, ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎമ്മുകാരായ സെനറ്റ് അംഗങ്ങള്‍ തീരുമാനിച്ചു.

വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്.

ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. ഭരണഘടനയനുസരിച്ച് മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. വിശദമായ ചര്‍ച്ചയും പഠനവും നിയമകമ്മീഷന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യാത്രയില്‍ കുടുംബാംഗങ്ങള്‍ പോയതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിനു നേട്ടമുണ്ടായതു കാണാതെ മാധ്യമങ്ങള്‍ ഔദ്യോഗികയാത്രയെ ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും പരിഹസിക്കാനാണ് ശ്രമിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ തള്ളിയ മുഖ്യമന്ത്രി, ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നും പ്രതികരിച്ചു  സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പറഞ്ഞു.

വിരമിക്കുന്നതിനു തൊട്ടുമുമ്പ് അമേരിക്കയിലേയും കാനഡയിലേയും ജയിലുകളിലെ സൗകര്യങ്ങള്‍ പഠിക്കാന്‍ ജയില്‍ ഡിജിപി സുദേഷ്‌കുമാര്‍ നടത്താനിരുന്ന വിദേശയാത്ര കേന്ദ്ര സര്‍ക്കാര്‍ മുടക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസന്‍സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യാത്ര അടുത്ത വര്‍ഷത്തേക്കു മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍നിന്ന് 95 ശതമാനം ഡിസ്‌കൗണ്ടില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നതടക്കമുള്ള പരാതികള്‍ സുദേഷ്‌കുമാറിനെതിരേ ഉയര്‍ന്നിരുന്നു.

മുസ്ലിം ലീഗ് വിമതര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങളും പങ്കെടുത്തു. ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തത് മുഈന്‍ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേര്‍ന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം ഭാഗികമായി തിരികെ നല്‍കിത്തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്റെ പത്തു ശതമാനമാണ് തിരികെ നല്‍കുന്നത്. നിക്ഷേപത്തിന്റെ പത്തു ശതമാനവും പലിശയുടെ അമ്പതു ശതമാനവുമാണ് നല്‍കുന്നത്. പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം.

സിപിഎം ഓഫീസ് നിലകൊള്ളുന്നതടക്കമുള്ള പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ക്കെതിരെ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ദവികുളം സബ്കളക്ടര്‍  രാഹുല്‍ കൃഷ്ണ ശര്‍മ്മ തെമ്മാടി ആണെന്നാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.എം. മണി അധിക്ഷേപിച്ചത്.

വീടുപണിക്ക് എത്തിച്ച തറയോട് ചുമട്ടു തൊഴിലാളികളുടെ ഭീഷണിമൂലം വീട്ടമ്മ ലോറിയില്‍നിന്ന് ഒറ്റക്കിറക്കി. തിരുവനന്തപുരം ശ്രീകാര്യത്തെ പൗഡിക്കോണത്താണു സംഭവം. ലോഡിറക്കാന്‍ കൈസഹായത്തിന് എത്തിയ സഹോദരന്മാരെ പോലും തൊഴിലാളികള്‍ തടഞ്ഞു. നാലു ടൈല്‍ വീതമുള്ള 60 പാക്കറ്റാണ് ലോറിയില്‍നിന്ന് ദിവ്യ ഒറ്റയ്ക്ക് ഇറക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *