കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 25,000 പേര് മാത്രമാണു രാജ്ഭവന് ഉപരോധത്തില്‍ പങ്കെടുത്തതെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തനിക്കൊപ്പമാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറാണ്. സർക്കാരിൻ്റെ കാര്യങ്ങളിൽ ഇപ്പോൾ ഇടപെടില്ല. ഭരണഘടനാ തകർച്ചയുണ്ടായാൽ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏറ്റുമുട്ടനില്ല. ഓരോരുത്തരും അവരുടെ പരിധിയിൽ നിൽക്കണം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കണം” – എന്നും ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ വ്യക്തമാക്കി.
യുജിസി ചട്ടങ്ങൾ അനുസരിച്ച് വേണം സർവകലാശാലകളുടെ പ്രവർത്തനം തുടരാൻ. എന്നാൽ അതല്ല കേരളത്തിൽ നടക്കുന്നത്. ഇത് വ്യക്തിപരമായ യുദ്ധമല്ല. തനിക്കാരോടും വ്യക്തിപരമായ വിരോധവുമില്ല. നിയമവിരുദ്ധമായി സർവകലാശാലകളുടെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ഗവർണർ വ്യക്തമാക്കി.