വെജിറ്റേറിയന്‍, ചിക്കന്‍, ഫിഷ് കബാബ് എന്നിവ തയ്യാറാക്കുന്നതില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം. കൃത്രിമ നിറങ്ങളുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്നും ആരോഗ്യപരമായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ വിഭവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ഗുണനിലവാര പരിശോധനയില്‍ അമിത അളവില്‍ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആഹാരപദാര്‍ത്ഥങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെ അദ്ദേഹം ചുമതലപ്പെടുത്തി. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കബാബുകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 39 കബാബുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കൃത്രിമനിറത്തിന്റെ ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടുതലും കണ്ടെത്തിയത് മഞ്ഞ, കാര്‍മോയ്‌സിന്‍ എന്നീ നിറങ്ങളാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് 7 വര്‍ഷത്തെ തടവുമുതല്‍ ജീവപര്യന്തം വരെയുള്ള ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം ഭക്ഷ്യശാലകളുടെ ലൈസന്‍സും റദ്ദാക്കും. ഗോബി മഞ്ചൂരിയനിലും കോട്ടണ്‍ കാന്‍ഡികളിലും കൃത്രിമ നിറത്തിന്റെ ഉപയോഗം വിലക്കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നടപടി.