ആമ പഴയ ആമയല്ല
ആമയും മുയലും പന്തയം വച്ച കഥ കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. വളരെ സാവധാനം സഞ്ചരിക്കാന്‍ മാത്രം കഴിയുന്ന ആമ പക്ഷേ, സ്ഥിരോത്സാഹിയാണ്. ആവശ്യഘട്ടങ്ങളില്‍ ആമ ഇഴഞ്ഞു നീങ്ങുകയല്ല, കുതിക്കുകയോ പറക്കുകയോ ചെയ്യുമെന്നു പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവാകാം. എങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. പൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ആമയോട്ടം ആരേയും വിസ്മയിപ്പിക്കും. ‘കുതിച്ചു പായുന്ന ആമയെ കണ്ടില്ലേ?’ എന്ന അടിക്കുറിപ്പോടെയാണു വീഡിയോ പങ്കുവച്ചത്. നദിയിലേക്കുള്ള ഒരു ചെറിയ പാലത്തിലൂടെ ആമ അതിവേഗം പായുന്നതായി വീഡിയോയില്‍ കാണാം. പലത്തിലേക്കു കയറുന്നതുവരെ ആമ ഇഴഞ്ഞാണു നീങ്ങിയത്. എന്നാല്‍, പാലത്തില്‍ കയറിയതോടെ ആമ ഫുള്‍ സ്പീഡിലായി. ലോഹനിര്‍മിതമായ പാലത്തിലൂടെ ആമ ഓടുമ്പോള്‍ കാലുകള്‍ പതിച്ചുണ്ടാകുന്ന ശബ്ദവും കേള്‍ക്കാം. ഞൊടിയിടകൊണ്ടു പാലം ഇറങ്ങിയ ആമ നദിയിലേക്കു കുതിക്കുന്നതും കാണാം. മൂന്നു ദിവസംകൊണ്ട് 14 ലക്ഷം പേരാണു വീഡിയോ ലൈക്കു ചെയ്തത്. ഭാവനാ സമ്പന്നമായ അനേകം കമന്റുകളും ഉണ്ട്.
ആമ പഴയ ആമയല്ല
