Untitled 1 5

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്റെ രചയിതാവും സംവിധായകനും നായക നടനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന റിലീസ് ആയിരുന്നു മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ, അവരുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലിന്റെ ചലച്ചിത്ര രൂപം, അണിനിരക്കുന്ന വന്‍ താരനിര തുടങ്ങി നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന അപൂര്‍വ്വ പ്രോജക്റ്റ് ആണ് ഇത്. ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ സാധൂകരിക്കപ്പെട്ടതോടെ തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം. ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്‌നാട് കളക്ഷനിലാണ് അത്. ആദ്യ വാരം തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പിഎസ് 1. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്റെ തമിഴ്‌നാട് ബോക്‌സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്.

ഇന്ത്യയുടെ വിദേശ നാണയശേഖരം സെപ്തംബര്‍ 30ന് അവസാനിച്ചവാരം 485.4 കോടി ഡോളര്‍ ഇടിഞ്ഞ് 53,266.4 കോടി ഡോളറിലെത്തി. 2020 ജൂലായ് 24ന് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. കഴിഞ്ഞ സെപ്തംബര്‍ 23ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 813.4 കോടി ഡോളര്‍ ഇടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുത്തനെ കുറയാന്‍ മുഖ്യകാരണം. 2021 സെപ്തംബറിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. സെപ്തംബര്‍ 30ന് സമാപിച്ച ആഴ്ചയില്‍ വിദേശ നാണയ ആസ്തി 440.6 കോടി ഡോളര്‍ താഴ്ന്ന് 47,280.7 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 28.1 കോടി ഡോളര്‍ ഇടിഞ്ഞ് 3,760.5 കോടി ഡോളറിലെത്തി.

പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. നിലവില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് കാനറാ ബാങ്ക് 3.25 ശതമാനം മുതല്‍ 7.00 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ നല്‍കുന്നു.

ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല ഇലക്ട്രിക്ക് അതിന്റെ എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന ഉത്സവ സീസണിലെ ഓഫര്‍ കൂടുതല്‍ നീട്ടിയതായി റിപ്പോര്‍ട്ട്. മുമ്പ്, ഓഫര്‍ 2022 ഒക്ടോബര്‍ അഞ്ച് വരെ സാധുതയുള്ളതായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ കിഴിവ് ഉത്സവ സീസണിന്റെ അവസാനം വരെ സാധുത ഉള്ളതായിരിക്കും എന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ ഓഫറിന് കീഴില്‍, ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 10,000 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. അങ്ങനെ വില 1,39,999 രൂപയില്‍ നിന്ന് 1,29,999 രൂപയായി (ദില്ലി എക്‌സ്-ഷോറൂം) കുറച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ തീവ്രമായേക്കാവുന്ന വെറുപ്പിന്റെയും അന്യവല്‍ക്കരണത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും ഭാവിയിലേക്ക് സ്വതന്ത്രമായൊരു ഭാവനാസഞ്ചാരം. ‘സര്‍ക്കാര്‍’. കിംഗ് ജോണ്‍സ്. ഡിസി ബുക്‌സ്. വില 237 രൂപ.

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രാധാന്യമുള്ളതാണ്. അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഒപ്പം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന 10 ഭക്ഷണങ്ങള്‍ അറിയാം. ഉള്ളിയിലുള്ള ‘അലിയം സെപ’ എന്ന ഘടകം രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് സഹായകമാകും. അതുകൊണ്ടുതന്നെ ഉള്ള പ്രമേഹരോഗികള്‍ക്ക് പേടിയില്ലാതെ കഴിക്കാം. ചീരയാണ് രണ്ടാമത്തേത്. ധാരാളം പോഷകഗുണങ്ങളുള്ള ഈ ഇലക്കറിയില്‍ വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ധാരാളം അയണ്‍, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ് ചീര. തക്കാളിയും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. തക്കാളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 30 ആണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. സ്‌ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങളാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് നട്ട്‌സ്. കറുവാപ്പട്ട ആണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. പാവയ്ക്കയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതെ നിലനിര്‍ത്തും. പാവയ്ക്ക ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് മറ്റൊന്ന്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. തൈരില്‍ അടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ഗുണങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *