റെക്കോഡുകള്‍ക്ക് മുടക്കം വരുത്താതെ സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് പവന്‍ വില 280 രൂപ ഉയര്‍ന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വര്‍ധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 6,585 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രഖപ്പെടുത്തിയ ഗ്രാമിന് 106 രൂപയിലാണ് ഇന്നും വ്യാപാരം. രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് റെക്കോഡിലാണ്. ഔണ്‍സിന് 2,877.33 ഡോളറിലാണ് വ്യാപാരം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യാന്തര വിലയില്‍ മുന്നേറ്റം. ആഭ്യന്തര വിപണിയില്‍ രൂപയുടെ വിലയിടിവും സ്വര്‍ണത്തിനെ മുന്നേറ്റത്തിലാക്കുന്നു. ഇന്ന് റെക്കോഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 49 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 87.92 ലെത്തി. കേരളത്തില്‍ ഈ മാസം ഇതു വരെ 2200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണം രേഖപ്പെടുത്തിയിരിക്കുന്നത്.