ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ചാണ് ഈ പരാമർശം നടത്തിയത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. ഗാന്ധി സ്മൃതി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്ന് രാഹുൽ ഗാന്ധി പതാക ഏറ്റുവാങ്ങി. ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നൂറ്റിയൻപത് ദിവസത്തെ യാത്രയ്ക്കായി രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തിയത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിച്ചു. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നവോത്ഥാനത്തിൻ്റെ നിമിഷമാണെന്നും ഈ യാത്ര കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കം തടയണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സാംസ്ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെയാണ് യൂണിവേഴ്സിറ്റിയിൽ ബിരുദം നൽകുന്നത്.അതിന് പകരം ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് കാലിക്കറ്റ് വൈസ് ചാൻസലറോടും, ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച് ‘ പേപ്പർ രഹിത ബഞ്ച് ആയിരിക്കും. വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരുത് എന്നും നിർദേശം നല്കി.ഇതിനായി സുപ്രീം കോടതി റെജിസ്ട്രിക്കും ഐടി സെല്ലിനും അഭിഭാഷകർക്കും പരിശീലനം നൽകും.ദില്ലി സർക്കാരിൻ്റെ അധികരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇത്തരമൊരു നിർദേശം നൽകിയത്.
തിരുവനന്തപുരം കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ വച്ച് മൂന്ന് കുട്ടികള്‍ക്ക് കടിയേറ്റു. ഇവരെ കടിച്ച ശേഷം നായ ഒരു യുവതിയെയും ആക്രമിച്ചു. അതിനിടെ ആലുവ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച നായ ചത്തു. റോഡരികിൽ കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.
ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന്റെ ചെവിക്കാണ് വെടിയേറ്റത്. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. മറ്റു മൽസ്യത്തൊഴിലാളികൾ സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. സംഭവം പൊലീസ് അന്വേഷിക്കുന്നു. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്ന് പറയപ്പെടുന്നു.