കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍ .ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തൽ തന്നെ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്ന് തിരിച്ചടിക്കുകയാണ് ബിജെപി.ബിജെപിക്കെതിരെ വീണുകിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും.