‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂര്‍ത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക എത്തുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. പതിമൂന്നാം വയസ്സ് മുതല്‍ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോള്‍ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. നാല്‍പത്തിയാറാം വയസ്സില്‍ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവികയുടെ അരങ്ങേറ്റം. ഇവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ദീഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.