കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവര്‍ക്കൊപ്പം വരുണ്‍ സുനിലും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വ്യത്യസ്ത റോളില്‍ കുടുംബനാഥനായി ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘സ്ഫടിക’ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോള്‍ബി 4 കെ അറ്റ്‌മോസ് ഫൈനല്‍ മിക്‌സിങ്ങ് പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ 24-ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഭദ്രന്‍ ചിത്രം പുതിയ സാങ്കേതിക മികവില്‍ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്.
പ്രമുഖ മൈക്രോബ്‌ളോഗിംഗ് ആപ്‌ളിക്കേഷനായ ട്വിറ്ററിനെ ഏറ്റെടുത്ത ലോകത്തെ ഏറ്റവും സമ്പന്നനായ എലോണ്‍ മസ്‌കിന്റെ നടപടി ടെക്നോളജി കമ്പനികള്‍ക്കാകെ ക്ഷീണമായി. ഇവയുടെ തലപ്പത്തുള്ളവരുടെ ആസ്തി കുത്തനെ ഇടിയുകയും ചെയ്തു. ടെസ്ല, സ്പേസ്എക്സ് എന്നിവയുടെയും സി.ഇ.ഒയായ മസ്‌കിന്റെ ആസ്തിയില്‍ 1,000 കോടി ഡോളറാണ് (ഏകദേശം 82,268 കോടി രൂപ) കുറഞ്ഞതെന്ന് ബ്‌ളൂംബെര്‍ഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ബ്‌ളൂംബെര്‍ഗിന്റെ റിയല്‍ടൈം കണക്കുപ്രകാരം 20,400 കോടി ഡോളറാണ് മസ്‌കിന്റെ ആകെ ആസ്തി (16.78 ലക്ഷം കോടി രൂപ).
ലാന്‍ഡ്ഫോണുകളുടെ സ്വീകാര്യത തിരികെപ്പിടിക്കാന്‍ ഇന്റര്‍നെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. പഴയ ലാന്‍ഡ്ഫോണ്‍ വരിക്കാര്‍ക്ക് അതേനമ്പര്‍ നിലനിറുത്തി ഒപ്ടിക്കല്‍ ഫൈബര്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടി ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള ഓഫറാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ഒപ്പം ഇന്ത്യയില്‍ എവിടേക്കും പരിധിയില്ലാതെ സൗജന്യ കാളുകളും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 8.12 ലക്ഷം ലാന്‍ഡ്ലൈന്‍ കണക്ഷനുകളാണ് കേരളത്തില്‍ മാത്രം ഉപേക്ഷിക്കപ്പെട്ടത്. രാജ്യത്താകെ കമ്പനിക്ക് 2.17 കോടി ലാന്‍ഡ് ഫോണ്‍ കണക്ഷനുകളേ അവശേഷിക്കുന്നുള്ളൂ. കേരളത്തില്‍ 14.15 ലക്ഷം. പ്‌ളാനിനായി 9496121200 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യാം.
കഴിഞ്ഞ മാസം മാരുതിയുടെ ഡിസയര്‍ വീണ്ടും മികച്ച വില്‍പ്പനയുള്ള സെഡാന്‍ കാറുകളുടെ പട്ടികയില്‍ ഇടം നേടി. 2022 സെപ്റ്റംബര്‍ മാസത്തില്‍, മാരുതി സുസുക്കി 9,601 യൂണിറ്റ് ഡിസയര്‍ വിറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേമാസം കമ്പനി 2,141 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. അതായത് ഇത്തവണ കമ്പനി 7,460 യൂണിറ്റുകള്‍ കൂടുതല്‍ വിറ്റു. ഇതുവഴി ഡിസയറിന്റെ വില്‍പനയില്‍ 348.44 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 2862 യൂണിറ്റുകളെ അപേക്ഷിച്ച് 4239 യൂണിറ്റുകള്‍ (സെപ്റ്റംബര്‍ 2022) വിറ്റഴിച്ച ഹ്യൂണ്ടായ് ഓറയാണ് രണ്ടാമത്തെ നമ്പര്‍. 4,082 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട അമേസ് മൂന്നാം സ്ഥാനത്താണ്. 3700 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റ ടിഗോര്‍ നാലാം സ്ഥാനത്താണ്.
ഖലീല്‍ജിബ്രാന്‍ പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ ഹൃദയത്തില്‍സംഗീതം മുഴങ്ങുന്നു. കാറ്റും മഴയും വെളിച്ചവും മരങ്ങളും പുതിയ പുതിയ നിറങ്ങളായി മാറുന്നു. ധ്യാനനിര്‍ഭരമായ പ്രണയം അടയാളപ്പെടുത്തുന്ന കൃതി. ‘പ്രണയവും ധ്യാനവും’. ഖലീല്‍ ജിബ്രാന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 80 രൂപ.
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നത് മുതല്‍ ബുദ്ധിക്കും ഓര്‍മ്മയ്ക്കും വരെ വാള്‍നട്ട് മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വാള്‍നട്ടില്‍ പോളിഫെനോള്‍സ്, വൈറ്റമിന്‍ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന വാള്‍നട്ട് ബുദ്ധിക്കും ഓര്‍മ്മയ്ക്കും മികച്ചതാണ്. ഡിമന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ള എല്ലാഗിറ്റാനിന്‍സ് എന്ന പോളിഫെനോളുകള്‍ വന്‍കുടല്‍ കാന്‍സറിനെയും ഹോര്‍മോണുമായി ബന്ധപ്പെട്ട കാന്‍സറുകളായ സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് കാന്‍സറിനെയും തടയുന്നുമെന്ന് പഠനങ്ങള്‍ പറയുന്നു. കലോറിയുടെ അളവ് തീരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും വാള്‍നട്ട് ഉത്തമമാണ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടൈറേറ്റ് എന്ന എന്‍സൈം ഉത്പാദിപ്പിക്കാനും വാള്‍നട്ട് കഴിക്കുന്നത് സഹായിക്കും. വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഇ എന്നിവ സമ്പുഷ്ടമായ അളവിലുള്ള വാള്‍നട്ട് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മിനുസമാര്‍ന്നതും മൃദുവായതും തിളക്കമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഇത് ഉത്തമമാണ്.