ഗാന്ധി കുടുംബത്തിൽ നിന്നും ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ശശി തരൂർ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. പുറത്തു നിന്നൊരാൾക്ക് അധ്യക്ഷസ്ഥാനത്തേക്ക് വരാൻ സാധിക്കുമെങ്കിൽ വരട്ടെ. മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തും, സോണിയ ഗാന്ധിയുടെ ചുമലിൽ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും ശശി തരൂർ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് സ്വകാര്യ ഏജൻസികളുടെ സേവനം കേരളം പണം നൽകി വാങ്ങിത്തുടങ്ങിയതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. സർക്കാർ ഏജൻസികളുടെ പ്രവചനങ്ങൾ പിഴയ്ക്കുന്ന സാഹചര്യത്തിലാണ് കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി വിദേശ ഏജൻസികളുടേതടക്കം സേവനം കേരളം തേടിയത് . കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെടെ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സർക്കാർതന്നെ പരാതി ഉന്നയിച്ചിരുന്നു.
രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോടോ യാത്ര സപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്നാരംഭിക്കും. കേരളത്തിൽ 18 ദിവസം ഭാരത്ജോഡോ ജാഥ പര്യടനം നടത്തും .ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് കെപിസിസിയില്‍ മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ് ,ദിഗ് വിജയ് സിംഗ്എന്നിവർ വാര്‍ത്താസമ്മേളനം നടത്തി.എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരും.കോണ്‍ഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും. ചിലർ രാഹുലിനെ ആക്രമിക്കും.പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിനെ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു. ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ട് പോയത്, വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നും അവർ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെൻഷൻ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്ന് അധികൃതർ വിശദീകരിച്ചു എങ്കിലും പെൻഷൻ വിതരണം നിലച്ചത് മുൻ ജീവനക്കാരെ പ്രതിസന്ധിയിലാക്കി. രണ്ടുമാസമായി നൽകാതിരുന്ന പെൻഷനാണ് ഇന്ന് നല്കുമെന്നറിയിച്ചത്. അതിനാൽ കൂടുതൽ ആളുകൾ പണം വാങ്ങാൻ എത്തിയിരുന്നു.
പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായതും കനത്ത മഴ തുടരാനുള്ള സാധ്യതയും കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ബുധനാഴ്ച (31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.
കനത്ത മഴ മൂലം എറണാകുളം വഴി ഓടുന്ന ട്രെയിനുകളെല്ലാം വൈകി ഓടുന്നു. രാവിലെ എറണാകുളത്ത് കൂടിയുള്ള ദീര്‍ഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകിയാണ് യാത്ര തുടരുന്നത്. പുലര്‍ച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. സെക്കന്തരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ശബരി എക്സപ്രസും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത് ഈ ട്രെയിനും ആലപ്പുഴ വഴി തിരിച്ചു വിട്ടു.