സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇലോണ്‍ മസ്ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂര്‍ണതയിലേക്ക്. ‘ട്വിറ്റര്‍ ഡോട്ട് കോം’ എന്ന ഡൊമെയിന് ‘എക്സ് ഡോട്ട് കോം’ എന്നാക്കി. ട്വിറ്ററിന്റെ പേര് എക്സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിന് മാറിയിരുന്നില്ല. ഇനി ട്വിറ്റര്‍ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാല്‍ എക്സ് ഡോട്ട് കോമിലാണ് എത്തുക. ഡൊമെയിന് മാറ്റം സംബന്ധിച്ച വിവരം ഇലോണ്‍ മസ്ക് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. എക്സ് വഴി പണമുണ്ടാക്കാമെന്ന് മസ്ക് അടുത്തിടെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിനായി എക്സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതിയെന്നാണ് മസ്ക് പറഞ്ഞത്. യൂട്യൂബിന് സമാനമായി എക്സില്‍ മോണിറ്റൈസേഷന് തുടക്കം കുറിക്കുകയാണെന്നും പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന് നേടാമെന്നുമാണ് മസ്ക് പറയുന്നത്. ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ വാര്‍ത്തയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലപ്പറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.