ലോകത്തെ ഏറ്റവും വലിയ മഞ്ഞുമലയ്ക്കു സ്ഥാനചലനം. 30 വര്‍ഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിക്കിടന്ന മഞ്ഞുമല ഇപ്പോള്‍ സ്വതന്ത്രമായി ചലിക്കാന്‍ തുടങ്ങിയത്രേ. ലണ്ടന്റെ രണ്ടിരട്ടിയുള്ള ഈ മഞ്ഞുമലയ്ക്ക് 3884 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്. 1986 ലാണ് അന്റാര്‍ട്ടിക്കില്‍നിന്ന് ഈ മഞ്ഞുമല അടര്‍ന്നു മാറി സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പതിച്ച് ഐസ് ദ്വീപായി മാറിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയുടെ മൂന്നില്‍ രണ്ടു ഭാഗത്തോളം ഉയരമുള്ള മഞ്ഞുപാളിയുടെ കനം 399 മീറ്റര്‍ ആണ്. കടലിന്റെ അടിത്തട്ടിലെ ചളിയില്‍ കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് ഇപ്പോള്‍ സ്ഥാനചലനം സംഭവിച്ചത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ടാണ്. ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോര്‍ജിയയ്ക്കു സമീപം ഈ ദ്വീപ് കുടുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ദ്വീപിലുള്ള ദശലക്ഷക്കണക്കിന് സീലുകള്‍, പെന്‍ഗ്വിനുകള്‍, കടല്‍പ്പക്ഷികള്‍ എന്നിവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നാണു ഭീതി. മഞ്ഞുമല തീറ്റതേടാനുള്ള വഴികള്‍ തടസപ്പെടുത്തുമെന്നും അവയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് ആശങ്ക. എന്തായാലും മഞ്ഞുമല ഉരുകിയുരുകി ചെറുതാകുന്നുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം.