രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റില്‍ 24.16 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചരക്ക് കയറ്റുമതിയില്‍ കഴിഞ്ഞ മാസം കുറവുണ്ടായി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമാണ് കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള കാരണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ചരക്ക് വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 2486 കോടി ഡോളറായിരുന്നു. 2.8ശതമാനം കുറവാണ് ചരക്ക് വ്യാപാര കമ്മിയിലുണ്ടായത്. രാജ്യത്തെ ചരക്ക് കയറ്റുമതി മുന്‍ വര്‍ഷം ആഗസ്റ്റില്‍ 3702 കോടി ഡോളറായിരുന്നത് കഴിഞ്ഞ മാസം 3448 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം ഇറക്കുമതി ആഗസ്റ്റില്‍ 5864 കോടി ഡോളറാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലായില്‍ ചരക്ക് കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമായിരുന്നു. യു.എസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ 35.15 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം 3155 കോടി ഡോളറായി കുറഞ്ഞു. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ആഗസ്റ്റില്‍ 40ശതമാനം വര്‍ദ്ധനവുണ്ടായി. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 26.29 ശതമാനം വര്‍ദ്ധിച്ചു. എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 7.73ശതമാനമാണ് വളര്‍ച്ച. മരുന്നുകള്‍, ഫാര്‍മ, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടു. ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യണ്‍ ഡോളര്‍ കടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം ഇറക്കുമതിയില്‍ കഴിഞ്ഞമാസം കുറവുണ്ടായി.