മുൻ മന്ത്രി സജി ചെറിയാനെ കുറ്റാരോപിതനാക്കിയ ഭരണഘടനാവഹേളന പ്രസംഗത്തിന്റെ കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു.
വിമർശനാത്മകമായാണ് സജി ചെറിയാൻ സംസാരിച്ചത്. പ്രസംഗത്തിൽ ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ ഈ കേസിൽ കുറ്റം നിലനിൽക്കില്ലെന്നും തുടർന്നന്വേഷിക്കേണ്ട കാര്യമില്ലെന്നും റഫര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രസംഗ സ്ഥലത്തുണ്ടായിരുന്നവരും അതൊരു അവഹേളനമായി തോന്നിയില്ല എന്നാണ് പറഞ്ഞത് എന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് നൽകിയത്.
2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലാണ് കേസിനാസ്പദമായ പ്രസംഗം അന്ന് മന്ത്രിയായിരുന്ന സജി ചെറിയാന് നടത്തിയത്. വിവാദമായതിനെ തുടർന്ന് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചു. പിന്നീട് സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎൽഎമാരടക്കമുള്ളവരുടെ മൊഴികളും മുൻ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പറയുന്നുണ്ട്. പോലീസ് കോടതിയിൽ സമർപ്പിച്ചത് പ്ലീഡറുടെ നിയമോപദേശം അടക്കമുള്ള വിശദമായ റിപ്പോർട്ടാണ്.