60 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തങ്ങളുടെ ഐകോണിക് ലോഗോയില്‍ മാറ്റം വരുത്തി നോകിയ. വെളുത്ത സ്‌ക്രീനില്‍ നീലനിറത്തില്‍ തെളിഞ്ഞുവരുന്ന ‘നോകിയ’ ബ്രാന്‍ഡിങ് ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധീകരിക്കുന്ന അടയാളമാണ്. എന്നാല്‍, ഇനി മുതല്‍ ആ ലോഗോ ഇല്ല. നോക്കിയയുടെ അപ്ഡേറ്റ് ചെയ്ത ലോഗോയില്‍ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച നോകിയ എന്ന വാക്കാണ് കാണാന്‍ കഴിയുക. കൂടാതെ പഴയ ലോഗോയുടെ നീല നിറം ഒഴിവാക്കി നിരവധി നിറങ്ങളാണ് പുതിയ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രത്യേക കളര്‍ സ്‌കീമില്ലാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ കളര്‍ ലോഗോയില്‍ നല്‍കാനാണ് നോകിയ പദ്ധതിയിട്ടിരിക്കുന്നത്. നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗത്തെ ഏറ്റെടുത്തതിന് ശേഷം പെക്ക ലാന്‍ഡ്മാര്‍ക്ക് കമ്പനിയുടെ സ്ട്രാറ്റജിയില്‍ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഈ ലോഗോ മാറ്റം. ‘നോക്കിയ ഇനി ഒരു സ്മാര്‍ട്ട്ഫോണ്‍ കമ്പനി മാത്രമല്ല, ഒരു ‘ബിസിനസ് ടെക്നോളജി കമ്പനി’യാണെന്നാണ് ലോഗോ മാറ്റത്തിന്റെ വിശദീകരണമായി പെക്ക ലാന്‍ഡ്മാര്‍ക്ക് പ്രതികരിച്ചത്. ടെലികോം ഉപകരണങ്ങളുടെ ബിസിനസ്സ് വളര്‍ത്തുന്നതിനൊപ്പം, നോക്കിയ മറ്റ് ബിസിനസുകള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണ്.