അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസം അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ചില പിപ്പിടികളുണ്ടാകും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 96 ശതമാനം പോളിംഗ്. 9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ടു ചെയ്തു. കേരളത്തിലെ 310 പേരില്‍ 294 പേര്‍ വോട്ടു ചെയ്തു. ബലാത്സംഗ കേസില്‍ പ്രതിയായി ഒളവിലായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വോട്ടു ചെയ്യാന്‍ വന്നില്ല.
കേരള സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഗവര്‍ണര്‍ മൂന്നു മാസം നീട്ടി. അടുത്ത മാസം അഞ്ചിനു കാലാവധി തീരാനിരുന്നതാണ്. കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റിയുടെ നോമിനിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ നാലിനു സെനറ്റ് ചേരുന്നുണ്ട്.
ഹൈക്കോടതിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും നിരോധിച്ചെങ്കിലും തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് വിഴിഞ്ഞം മല്‍സ്യത്തൊഴിലാളികള്‍. എട്ടിടത്ത് റോഡ് ഉപരോധിച്ചു. രാവിലെ ഏഴോടെ വലയും വള്ളങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു. രണ്ടു മണിക്കൂറോളം തലസ്ഥാന നഗരം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ അറുപതോളം പേര്‍ക്കു വിമാനയാത്ര മുടങ്ങി.
തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റേയും തൊഴിലാളി യൂണിയനുകളുടെയും ഹര്‍ജിയാണ് തള്ളിയത്. കഴിഞ്ഞ വര്‍ഷം കൈമാറ്റം നടന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച തര്‍ക്കം തീര്‍പ്പാക്കുന്നില്ലെന്നും കോടതി.
സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയ പാറശാല ഡിപ്പോയില്‍ ദിവസേനെ മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ രൂപയുടെ വരുമാനം വര്‍ധിച്ചെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്യൂട്ടി പരിഷ്‌കരണം പ്രയോജനകരമാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്.
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. രാവിലെ പത്തരയ്ക്കാണു യോഗം. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുതരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. വിഴിഞ്ഞം, എന്‍ഡോസള്‍ഫാന്‍ സമരങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ സമീപനവും ചര്‍ച്ചയാകും.
മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. നിയമനിര്‍മ്മാണത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് ഹര്‍ജി നല്‍കിയത്.
സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.