ചിരി മാഞ്ഞു. നടന്‍ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. മുന്‍ എംപിയും മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നരം വീട്ടിലെത്തിക്കും.
അര നൂറ്റാണ്ടിലേറെക്കാലമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ഇരിങ്ങാലക്കുടക്കാരന്‍ ടി.വി. ഇന്നസെന്റ്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 2014 ല്‍ ചാലക്കുടി എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപക പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. സിനിമയിലെ അഭിനയത്തിനു രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു നേടി. സിനിമാ നിര്‍മാതാവുമായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്ന ഇന്നസെന്റ് ഇച്ഛാശക്തികൊണ്ട് രോഗത്തെ നേരിട്ട വിശേഷങ്ങള്‍ സരസമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി, ചിരിക്ക് പിന്നില്‍ എന്നിവയടക്കം നാലു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.