ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നുവെന്നും, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നും വിജയം നേടിയ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെയും കൺസർവേറ്റിവ് സർക്കാരിന്റെയും നയങ്ങൾ ജനം പാടെ തള്ളുകയായിരുന്നു. ഒട്ടേറെ മുതിർന്ന കൺസർവേറ്റിവ് നേതാക്കൾ പരാജയപ്പെട്ടപ്പോൾ ഋഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം. കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു.