മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം.
ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കേയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സിക്സറിലൂടെ ഇന്ത്യ മറികടന്നത്. 29 പന്തില്‍ 35 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 17 പന്തില്‍ 33 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്തുനിന്ന് യോഗത്തില്‍ പങ്കെടുത്തു.
കണ്ണൂര്‍ ഏലപ്പീടികയ്ക്കു സമീപം വനത്തില്‍ ഉരുള്‍ പൊട്ടി. നെടുമ്പോയില്‍ ചുരത്തില്‍ മലവെള്ളപ്പാച്ചില്‍. കാഞ്ഞിരപ്പുഴ ഏതു നിമിഷവും കവിഞ്ഞൊഴുകും. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളറ പ്രദേശത്തുള്ളവരെ ഫയര്‍ ഫോഴ്സ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലില്‍ വന്‍ നാശം.
കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത. മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയുള്ളതിനാല്‍ നാളേയും ബുധനാഴ്ചയും മഴ ശക്തമാകുമെന്നു മുന്നറിയിപ്പ്.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരേ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ വിഴിഞ്ഞം, വെങ്ങന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളില്‍ കടകമ്പോളങ്ങള്‍ അടച്ചു കരിദിനം ആചരിക്കാനാണു തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് അവശ്യപെട്ടാണ് ഈ സമരം.
വിഴിഞ്ഞം സമരം ചര്‍ച്ചക്കു ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്തിയില്ല. അറിഞ്ഞില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മന്ത്രിസഭാ ഉപസമിതിയുമായി ഇന്നു ചര്‍ച്ച നടക്കും. ഇതേസമയം, ഇന്നു കരയും കടലും ഉപരോധിക്കും. അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് അതിരുപത ആവശ്യപ്പെടും.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണ കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സന്ദീപ്, സെഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മന്ത്രിസഭാ പുന:സംഘടന പാര്‍ട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിക്കു പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവക്കുന്ന കാര്യവും പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലേക്കു മുന്‍മന്ത്രിമാര്‍ തിരിച്ചെത്തുമെന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.