സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ചെങ്കണ്ണുണ്ടായാല്‍ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവര്‍ക്കര്‍മാരുടേയും ജെപിഎച്ച്എന്‍മാരുടേയും സേവനവും ലഭ്യമാണ്. ഇവര്‍ വീടുകളില്‍ പോയി മറ്റ് രോഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നല്‍കുന്നതാണ്.