തമിഴ്നാട്ടിലെ ഗവണർ സർക്കാർ പോരിൽ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവൻ പുറത്തിറക്കിയ ഗവർണറുടെ പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്റെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവർണർ എന്നാണ് കത്തിൽ ഗവർണർ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന ഗവർണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിച്ചു.
ഇന്നലെ സഭാതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് ശേഷവും ഗവർണർ സർക്കാർ പോര് കടുക്കുകയാണ്. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ നഗരത്തിൻറെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചു. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡിഎംകെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്.