കേരളാ സര്‍വകലാശാലയില്‍ കടുംവെട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്‍ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്‍ണര്‍ 15 പേരെ അയോഗ്യരാക്കിയത്.
‘ഇ ഓഫീസ്’ സോഫ്റ്റ് വെയര്‍ അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ‘ഇ ഓഫീസ്’ വഴി ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. വിവിധ സേനവങ്ങള്‍ക്കായി എത്തിയ നൂറു കണക്കിനു പേര്‍ വലഞ്ഞു.
ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചെന്നും വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ്. ഫ്രിഡ്ജില്‍ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. കുക്കറില്‍ വേവിച്ചു കഴിച്ചെന്നും ലൈല കഴിച്ചില്ലെന്നും പോലീസ് അവകാശപ്പെട്ടു. ഇന്നലെ വീട്ടില്‍ ഡമ്മി പരിശോധന നടത്തി. നായകളെ കൊണ്ടും പരിശോധിപ്പിച്ചു. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ചുനിന്ന മൂന്നു സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിക്കും. പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും.
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും. സ്ത്രീയുടെ പരാതിയില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂത്തിയായി. പരാതിക്കാരിയുടെ ജീവനു ഭീഷണിയുണ്ടെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പീഡിപ്പിച്ചെന്നും മര്‍ദ്ദിച്ചെന്നും പരാതിപ്പെട്ട സ്ത്രീ വീണ്ടും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി സെേ്രേകട്ടറിയറ്റിനു മുന്നില്‍ സമരം ഒത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്‍ഡോ സള്‍ഫാന്‍ സമരസമിതി മാര്‍ച്ച് നടത്തും. ദയാബായിയെ പോലീസ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതുമൂലമാണു കുഴഞ്ഞു വീണത്.
തിരുവനന്തപുരത്തെ എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതിയാക്കിയത്.
കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് 1,17,535 രൂപാ കാണാതായതിനു സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സസ്പെന്‍ഷന്‍. സൂപ്രണ്ട് കെ സുരേഷ് കുമാര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ജീവനക്കാരനായ ടി ടി സുരേഷ് കുമാര്‍, കെ അനില്‍ കുമാര്‍, ജി ഉദയകുമാര്‍, ജോസ് സൈമണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
സംസ്ഥാനത്ത് 4,15,023 പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ 43,772 സീറ്റും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 3,916 ഉം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഹയര്‍സെക്കന്‍ഡറിയില്‍ 3,85,909 പേര്‍ പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയത് 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എയുടെ മകന്‍ ലെസിതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
കൊവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങള്‍ വാങ്ങിച്ചത് ജീവന്‍ രക്ഷിക്കാനാണെന്നും ജയരാജന്‍ അവകാശപ്പെട്ടു.