സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ‘അരണ്‍മനൈ’യുടെ നാലാം ഭാഗം വരുന്നു. തമിഴ് ഹൊറര്‍ കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ തമിഴകത്ത് വന്‍ ട്രോളുകളാണ് വരുന്നത്. മൂന്ന് ഭാഗത്തും വന്ന കഥയുടെ അതേ രീതിയില്‍ തന്നെയാണ് നാലാം ഭാഗത്തും കഥയെന്നാണ് വിമര്‍ശനം. ഒരു ഭൂതകാല വഞ്ചന നേരിട്ട പ്രേതം, അത് കയറുന്ന ഒരു വ്യക്തി അവര്‍ താമസിക്കുന്ന വീട്. അത് ഒഴിപ്പിക്കാന്‍ വരുന്ന സുന്ദര്‍ സി ഇങ്ങനെ സ്ഥിരം ഫോര്‍മുലയിലാണ് ഈ ചിത്രങ്ങള്‍ വരുന്നത് എന്നാണ് പൊതുവില്‍ വിമര്‍ശനം. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍ പോലെ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് റിലീസ് ചെയ്യും. അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹന്‍സികയും അഭിനയിച്ചിരുന്നു.