തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ‘തോല്‍വി എഫ്‌സി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ദ ഹംബിള്‍ മ്യുസിഷന്‍ എന്നറിയപ്പെടുന്ന വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണന്‍ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടന്‍ തിയറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം. ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോര്‍ജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോല്‍വി എഫ്സി’യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആശ മഠത്തില്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, മീനാക്ഷി രവീന്ദ്രന്‍, അനുരാജ് ഒ ബി തുടങ്ങിയവരാണ് ‘തോല്‍വി എഫ്സി’യിലെ മറ്റ് താരങ്ങള്‍.