പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒക്ടോബര്‍ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. ഓരോ പൊതുമേഖലാ സ്ഥാപനത്തേയും പ്രത്യേകം പഠിക്കുമെന്നും അതിനു ശേഷമാകും ഉത്തരവ് ഇറക്കുക എന്ന് അധികൃതർ വിശദമാക്കി. 128 പൊതുമേഖലാ സ്ഥാപനങ്ങളിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി നയമല്ലെന്നും അതുകൊണ്ടാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയത് .