കാസര്‍കോട് ജില്ലയിൽ രക്ഷിതാവും വിദ്യാര്‍ത്ഥിയും സത്യവാങ്മൂലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് കാണിച്ച് ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26 ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ വോട്ട് ചെയ്യുന്ന പോലെ തന്നെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നും നിര്‍ബന്ധിച്ച് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് വാദം.