പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകും ക്രമീകരണം. അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി അറിയിച്ചു. വോട്ടവകാശം നല്കുന്നതു സംബന്ധിച്ചു സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന നിലപാടെടുത്ത കോടതി പ്രവാസി സംഘടനകള്‍ നല്കിയ കേസ് അവസാനിപ്പിച്ചു.
ആന്ധ്രയില്‍ നിന്ന് ജയ അരി കിട്ടില്ല. മറ്റിനങ്ങളിലുള്ള അരിയും അവശ്യ വസ്തുക്കളും ഇടനിലക്കാരെ ഒഴിവാക്കി എത്തിക്കാന്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തി. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി മന്ത്രി ജി ആര് അനില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. പ്രതിമാസം 3840 ടണ്‍ ജയ അരി കേരളത്തിനു വേണം. ജയ അരി സ്റ്റോക്കില്ലെന്ന് ആന്ധ്ര മന്ത്രി വ്യക്തമാക്കി. ജയ അരിക്ക് നാലു മാസത്തിനിടെ 25 രൂപയാണ് വില വര്‍ധിച്ചത്.
കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നു ഹൈക്കോടതി. ഓടകളും കാനകളും ശുചീകരിക്കണം. കനാലുകളിലെ മാലിന്യനിക്ഷേപം തടയണം. ഈ മാസം 11 ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്പ്പറേഷന് നിര്‍ദേശം നല്കി.
തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ പിടിയില്‍. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് അറസ്റ്റിലായത്. 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്.
കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവു നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മയ്ക്ക് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് പരാതി നല്കി. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍, കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണി ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകളിലും പ്രധാന കേന്ദ്രങ്ങളിലും മനുഷ്യചങ്ങല തീര്‍ക്കും.
ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തു. അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.
പെട്രോള്‍ പമ്പില്‍നിന്നു കൈക്കൂലി വാങ്ങുന്നതിടെ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാറിനെ വിജിലന്‍സ് പിടികൂടി. ആക്കുളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാന്‍സലര്‍മാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.